ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുന്നയൂര്‍ക്കുളം

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പുന്നയൂര്‍ക്കുളം വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന് 18.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തും, കിഴക്കുഭാഗത്ത് കാട്ടകാമ്പാല്‍, വടക്കേക്കാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂര്‍ക്കുളം പിന്നീട് ആറ്റുപുറം, അണ്ടത്തോട് എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂര്‍ക്കുളം പഞ്ചായത്തായി മാറിയത്.ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് 1956-നു ശേഷം പാലക്കാട് ജില്ലയിലും ഉള്‍പ്പെട്ടിരുന്ന പുന്നയൂര്‍ക്കുളം പഞ്ചായത്ത് 1970-കള്‍ക്കുശേഷമാണ് തൃശൂര്‍ ജില്ലയിലായത്. മലയാളസാഹിത്യമണ്ഡലത്തിന്റെ തറവാടാണ് പുന്നയൂര്‍ക്കുളം നാലാപ്പാട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പുന്നയൂര്‍ക്കുളത്തിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്ന് സാഹിത്യ-സാംസ്കാരിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ നാലപ്പാട്ട് നാരായണമേനോന്‍,ബാലാമണിയമ്മ,കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവര്‍ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ചവരാണ്.വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് നാലാപ്പാട്ട് നാരായണമേനോനാണ്. മലയാളത്തിന്റെ അമ്മയായ ബാലാമണിയമ്മ എന്ന കവയിത്രിയെ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മകളാകട്ടെ മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളില്‍ കഥയും കവിതകളുമെഴുതി ലോകപ്രശസ്തയായി പുന്നയൂര്‍ക്കുളത്തിന്റെയും മലയാളമണ്ണിന്റെയും ഖ്യാതി ലോകമെങ്ങുമെത്തിച്ചു. തെക്കേമലബാറിലെ വളരെ പ്രശസ്തമായ കളരിത്തറവാടായ ചെറായി കളരി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.ചെറായി പണിക്കന്മാര്‍ നടത്തിയിരുന്ന ഈ കളരിയില്‍ സാക്ഷാല്‍ ഒതേനന്‍ ആയുധവിദ്യ അഭ്യസിക്കാന്‍ എത്തിയിരുന്നതായി ചരിത്രസൂചനയുണ്ട്. നാട്ടില്‍ നിന്ന് പഠനം കഴിഞ്ഞ ഒതേനന്‍ ഉപരിപഠനാര്‍ത്ഥം രണ്ടുവര്‍ഷം കൊല്ലം ചെറായി കളരിയില്‍ ആയുധവിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില അപൂര്‍വ്വ വിദ്യകള്‍ പഠിക്കാനായിരുന്നു ഒതേനന്‍ ഇവിടെ വന്നത്. ഇതില്‍ നിന്നും മനസിലാവുന്ന വസ്തുത, ചെറായി കളരിയുടെ പ്രശസ്തി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വടക്കേമലബാറിലും എത്തിയിരുന്നു എന്നാണ്. കേരളത്തില്‍ ഏറ്റവുമധികം രാമച്ചം കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് പുന്നയൂര്‍ക്കുളം. ഉപ്പുങ്ങല്‍ പ്രദേശം വര്‍ണമനോഹരമായ നിരവധി ഇനം പക്ഷികളുടെ വിഹാരകേന്ദ്രമാണ്. ആയിരക്കണക്കിനു ദേശാടനപക്ഷികളുടെ സംഗമഭൂമിയാണ് പ്രസ്തുത പ്രദേശം.

ചരിത്രം

സാമൂഹ്യചരിത്രം

മഹോദയപുരം തലസ്ഥാനമാക്കി വാണ കുലശേഖരപരമ്പരയിലെ അവസാനത്തെ പെരുമാള്‍ പൂര്‍വ്വികസ്വത്തായിരുന്ന കിരീടവും പണ്ടങ്ങളും തന്റെ മരുമകനായ, പെരുമ്പടപ്പുസ്വരൂപത്തിലെ ഒരംഗത്തിന് സമ്മാനിച്ചു. അവസാനത്തെ കുലശേഖരപെരുമാളിന്റെ സഹോദരിയെ പെരുമ്പടപ്പിലെ ഒരു നമ്പൂതിരിയായിരുന്നുവത്രെ വിവാഹം ചെയ്തിരുന്നത്. അങ്ങിനെ ക്ഷത്രിയ-നമ്പൂതിരി മാതാപിതാക്കള്‍ക്കു ജനിച്ച പുത്രന്‍ പെരുമ്പടപ്പ് സ്വരൂപം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനമായ വന്നരിയില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു പുന്നയൂര്‍ക്കുളം. പെരുമ്പടപ്പ് രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു വന്നരി. സാമൂതിരിയുടെ ആക്രമണം ഭയന്ന് പെരുമ്പടപ്പ് രാജാക്കന്‍മാര്‍ വന്നരി ഉപേക്ഷിച്ച് തിരുവഞ്ചിക്കുളത്തേക്കും അതിനുശേഷം കൊച്ചിയിലേക്കും ആസ്ഥാനം മാറ്റിയതോടെ പെരുമ്പടപ്പ് രാജാവ്, കൊച്ചിരാജാവായും പെരുമ്പടപ്പ് രാജ്യം കൊച്ചിരാജ്യമായും മാറി. ഒരുകാലത്ത് വന്നരി, തലപ്പിള്ളി രാജവംശത്തിന്റെ അധീനതയിലായിരുന്നതായി രേഖകളില്‍ കാണുന്നു. വന്നരിയുടെ വളരെ വൃക്തമായ ഒരു ചരിത്രം ലഭ്യമല്ല. ഏകദേശം എട്ടാം നൂറ്റാണ്ടുവരെയുള്ള ചരിത്രമാകട്ടെ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണുതാനും. കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ച ഒരു കൊച്ചുഗ്രാമമാണ് പുന്നയൂര്‍ക്കുളം. മുന്‍കാലത്ത് തണ്ണീര്‍പന്തലുകളും അത്താണികളും പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. ജാതിവ്യവസ്ഥ ഉച്ചാവസ്ഥയില്‍ നിന്നിരുന്ന ആ കാലത്ത് സവര്‍ണ്ണമേധാവിത്വം മൂലം അവര്‍ണ്ണര്‍ക്ക് പൊതുവഴിയില്‍ക്കൂടി നടക്കാന്‍പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ ചായക്കടകള്‍ ഇല്ലാതിരുന്ന പഴയ കാലത്ത് വഴിപോക്കര്‍ക്ക് സംഭാരം നല്‍കാന്‍ തണ്ണീര്‍പന്തലുകളും, ചുമടെടുത്തുപോകുന്നവര്‍ക്ക് ഭാരമിറക്കിവെക്കാന്‍ അത്താണികളും ഭൂപ്രഭുക്കന്‍മാരുടെ വകയായി സ്ഥാപിച്ചിരുന്നു. പക്ഷെ അവിടെയും കീഴ്ജാതിക്കാരനെ അയിത്തത്തിന്റെ പേരില്‍ അടുത്തേക്ക് വരാനനുവദിക്കാതെ ജാതിവ്യത്യാസം അനുസരിച്ച് തീണ്ടപ്പാടകലത്തില്‍ നിര്‍ത്തിയായിരുന്നു കുടിനീര്‍ നല്‍കിയിരുന്നത്. സംഭാരം നല്‍കുവാന്‍ സംവിധാനമുണ്ടായിരുന്ന ഇത്തരം തണ്ണീര്‍പന്തലുകളില്‍ വലിയ കവുങ്ങ് നടുപൊളിച്ച് അതിലെ ചോറ് കളഞ്ഞ്,ഒരു പാത്തിപോലെ തണ്ണീര്‍പന്തലിലെ തിണ്ണയില്‍നിന്നും താഴോട്ട് വച്ചിരിക്കും.തീണ്ടാപ്പാടകലത്തില്‍ നിര്‍ത്തി അതിനനുസരിച്ചുള്ള പാത്തികളിലൂടെയായിരിക്കും തീണ്ടക്കാര്‍ക്ക് സംഭാരം ഒഴിച്ചുകൊടുക്കുക. ഇത് ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ വ്യക്തമായ ചിത്രം എടുത്തുകാണിക്കുന്നു. സവര്‍ണ-സമ്പന്ന-നാടുവാഴി പ്രഭുക്കളുടെ അധീശാധികാരത്തെ ചെറുത്തുനിന്ന പോരാട്ടങ്ങളും ഇവിടെ നടന്നിട്ടുണ്ട്.പഴയ മലബാറില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്നു പുന്നയൂര്‍ക്കുളം.ബ്രിട്ടീഷാധിപത്യത്തിന്റെയും ഫ്യൂഡല്‍ജന്മിവാഴ്ചയുടേയും സവര്‍ണ്ണമേധാവിത്വത്തിന്റേയും തിക്താനുഭവങ്ങള്‍ ആവോളം അനുഭവിച്ച നാടാണ് പുന്നയൂര്‍ക്കുളം. സവര്‍ണ്ണമേധാവിത്വം മൂലം അവര്‍ണ്ണരായ കുട്ടികള്‍ക്ക് സ്കൂളില്‍ ചേര്‍ന്നുപഠിക്കാന്‍ പോലും സാധിച്ചിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് എഴുത്താശാന്‍മാരുടെ കീഴില്‍ നിലത്തെഴുത്ത് അഭ്യസിക്കുകയായിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യ പടി. കുടുക്കയില്‍ പൂഴിമണല്‍നിറച്ച് പനയോലകളും കൊണ്ടാണ് അന്നത്തെ വിദ്യാര്‍ത്ഥികള്‍ എഴുത്തുപള്ളിയില്‍ പോകുക. ചൂണ്ടാണിവിരല്‍ കൊണ്ടാണ് പൂഴിയില്‍ ഹരിശ്രീ കുറിക്കുക. അക്ഷരങ്ങള്‍ ഓലയില്‍ എഴുതിക്കൊടുക്കുകയും ചെയ്യും. അതായിരുന്നു അന്നത്തെ വിദ്യാഭ്യാസസമ്പ്രദായം. സവര്‍ണ്ണകുട്ടികളെ ഒരിടത്തും അവര്‍ണ്ണരെ മറ്റൊരിടത്തും മാറ്റിനിര്‍ത്തുകയും ചെയ്യും. ദേഷ്യം വന്നാല്‍ ആശാന്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ വടികള്‍ കൊണ്ട് കയ്യില്‍ അടിക്കുകയും അവര്‍ണ്ണവിദ്യാര്‍ത്ഥികളെ അയിത്തത്തിന്റെ പേരില്‍ വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. ജാതിയുടെ പേരില്‍ സ്വന്തം ശിഷ്യന്മാരോടു പോലും ആശാന്‍മാര്‍ വിവേചനം കാട്ടിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അലയൊലികള്‍ പുന്നയൂര്‍ക്കുളം ഗ്രാമത്തിലും ചെറിയ അനുരണനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പുന്നയൂര്‍ക്കുളത്തുനിന്നും ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ധാരാളമാളുകള്‍ മുന്നോട്ടു വരികയുണ്ടായി. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് അസംസ്കൃതവസ്തുവായി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന പരമ്പരാഗതകാര്‍ഷികോല്‍പ്പന്നമാണ് രാമച്ചം. 1940-കളിലാണ് പുന്നയൂര്‍ക്കുളം ഗ്രാമത്തില്‍ വാഹനഗതാഗതവും റോഡും എത്തുന്നത്.റോഡുഗതാഗതം എത്തുന്നതിനു മുമ്പുവരെ കനോലികനാല്‍ വഴിയായിരുന്നു ജനങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. കോഴിക്കോട്, ചാവക്കാട് ഭാഗത്തേക്ക് കനോലികനാല്‍ മാര്‍ഗ്ഗം ഗതാഗതമുണ്ടായിരുന്നു. കുന്ദംകുളം-തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ കാട്ടകമ്പാല്‍ വരെ വഞ്ചിയില്‍ യാത്ര ചെയ്ത്, അവിടെനിന്ന് ബസ്സില്‍ തുടര്‍യാത്ര ചെയ്തിരുന്നു. 1953-ലാണ് ഇന്നുകാണുന്ന റോഡിന്റെ ആദ്യരൂപം ഉണ്ടാവുന്നത്. 1960-ലെ ഒരു സായാഹ്നത്തില്‍ കോറോത്തയില്‍ പള്ളിയില്‍ വൈദ്യുതബള്‍ബ് പ്രകാശിതമായതോടെയാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലേക്ക് ആദ്യമായി വൈദ്യുതി എത്തുന്നത്. ആയുര്‍വേദ ചികിത്സാരംഗത്ത് അക്കാലത്ത് പ്രഗത്ഭരായ ഒട്ടേറെ നാട്ടുവൈദ്യന്മാര്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. പുഴിക്കളയില്‍ മരുന്നുകടയും ചികിത്സയും നടത്തിയിരുന്ന മാരാര്‍വൈദ്യരും,. കറുപ്പുണ്ണിവൈദ്യരും ആയുര്‍വേദചികിത്സാരംഗത്ത് പ്രശസ്തരായിരുന്നു. 1960-ലാണ് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ചെമ്മണൂരില്‍ സ്ഥാപിതമായത്. ഇന്ന് ഗള്‍ഫ് പണത്തിന്റെ സ്വാധീനം ജനങ്ങളുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഗള്‍ഫുരാജ്യങ്ങളില്‍ ആളുകള്‍ എത്തിപ്പെട്ടതോടുകൂടി അവിടുത്തെ സമ്പാദ്യം കൊണ്ട് ജോലി ചെയ്യാതെ ജീവിക്കുക എന്ന നിലവന്നു.ഇവിടെ തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോള്‍ തന്നെ തമിഴ്നാട്ടിലെയും മറ്റും ആളുകള്‍ ഇവിടെ വന്ന് വലിയ കൂലി വാങ്ങി ജീവിച്ചുവരുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ അറബിക്കടലിനോട് ചേര്‍ന്ന് ഏകദേശം 3 കിലോമീറ്റര്‍ വിസ്തൃതിയില്‍ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നു. ടിപ്പുസുല്‍ത്താന്‍ റോഡ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. മത്സ്യബന്ധനവും മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഏകദേശം 1000-ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കൂടുതലാളുകളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഈ അടുത്ത കാലങ്ങളിലായി പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരും ധാരാളമായുണ്ട്.

ദേശീയസമരങ്ങളും പുന്നയൂര്‍ക്കുളവും

വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജ്ജമേകാന്‍ 1931-ല്‍ രാഷ്ട്രപിതാവിന്റെ ധര്‍മ്മപത്നി കസ്തൂര്‍ബാഗാന്ധി രാമരാജാ യു.പി.സ്കൂളില്‍ വന്നിട്ടുണ്ട്. എലിയങ്ങാട്ട് കൂടിയ സംഗമത്തില്‍ പ്രായാധിക്യവും, ഉച്ചനീചത്വങ്ങളും മറന്ന് ധാരാളം സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പ് നടന്ന പ്രസ്തുതയോഗത്തില്‍, അന്ന് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം എല്ലാവരും ഒപ്പിട്ട് അംഗീകരിച്ചു. ഇതിനോടനുബന്ധിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കല്‍, കൈത്തറിനെയ്യല്‍ എന്നിവ പുന്നയൂര്‍ക്കുളത്ത് ആരംഭിക്കുകയും ചെയ്തു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവയ്ക്കുവേണ്ടി ശ്രീനാരായണഗുരു, കേളപ്പന്‍, എ.കെ ഗോപാലന്‍ (എ.കെ.ജി) എന്നീ സാമൂഹ്യ-രാഷ്ട്രീയ പരിഷ്കര്‍ത്താക്കള്‍ വിവിധ കാലഘട്ടങ്ങളില്‍ പുന്നയൂര്‍ക്കുളത്ത് വരികയും അനീതികള്‍ക്കതിരെ പോരാടാന്‍ പുന്നയൂര്‍ക്കുളത്തെ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ദേശീയപ്രസ്ഥാനത്തില്‍ പോലും കടന്നുകൂടിയിരുന്ന സവര്‍ണ്ണ വാഴ്ചക്കെതിരായും ജനങ്ങളില്‍ ബോധമുളവാക്കാന്‍ ഈ മഹാന്മാരുടെ സാന്നിദ്ധ്യം വലിയോരളവോളം പ്രയോജനപ്പെട്ടു. ഭൂദാനപ്രസ്ഥാനത്തിന്റെ സന്ദേശവുമായി 1956-ല്‍ ആചാര്യവിനോബഭാവെയും പുന്നയൂര്‍ക്കുളം സന്ദര്‍ശിക്കുകയുണ്ടായി. രാമരാജ സ്കൂളില്‍വെച്ചു കൂടിയ യോഗത്തില്‍ പല വൃക്തികളും ഭൂമി ദാനം ചെയ്യുകയുണ്ടായി. 2-ാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് നീങ്ങി. ഉച്ചനീചത്വങ്ങള്‍ക്കെതിരെയും, ഭൂമിക്കും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരം പുതിയ രൂപം കൈക്കൊണ്ട് മുന്നാട്ടുപോയി.അസംഖ്യം കര്‍ഷകസമരങ്ങളില്‍ പുന്നയൂര്‍ക്കുളത്തുകാരും പങ്കാളികളായി. സ്വാതന്ത്ര്യാനന്തരകാലത്ത് ബഹുജനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മുഖ്യമായും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ മുന്നാട്ടു നീങ്ങി. ഈ പോരാട്ടങ്ങളില്‍ പുന്നയൂര്‍ക്കുളത്തുകാരും സജീവമായി പങ്കുകൊണ്ടു. ബഹുജനപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ഭൂപരിഷ്കരണവും നാടിന്റെ മുഖഛായ തന്നെ മാറ്റി. കൊടികുത്തിവാണിരുന്ന ഫ്യൂഡല്‍-ജന്മിത്വം തുടച്ചുനീക്കപ്പെട്ടു. ഭൂപരിഷ്കരണനിയമം ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകകുടിയാന്‍ വിഭാഗത്തെ ഭൂസ്വത്തുക്കളുടെ ഉടമസ്ഥരാക്കിമാറ്റി. ജന്മിക്കു നല്‍കിയിരുന്ന പാട്ടം അതോടെ കൃഷിക്കാരന് സ്വന്തമായി. കിടക്കാന്‍ ഒരിടം സ്വന്തമായി കിട്ടിയ കര്‍ഷകതൊഴിലാളികളുടെ വിലപേശല്‍കഴിവുകളുണര്‍ന്നു. ഭൂവുടമാബന്ധങ്ങളില്‍ വന്ന മാറ്റം, സവര്‍ണ്ണമേധാവിത്വത്തിന്റെ അടിത്തറ തോണ്ടി. ഭൂസ്വത്തുക്കളുടെ 90% ഏതാനും ജന്മികുടുംബങ്ങളുടെ കൈവശമായിരുന്ന പുന്നയൂര്‍ക്കുളത്ത് ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളാണ് കര്‍ഷക-കുടിയാന്മാരുടെ കഷ്ടതകള്‍ക്ക് അറുതി വരുത്തിയത്. ഭൂബന്ധങ്ങളില്‍ വന്ന ഈ മാറ്റം സാമൂഹികജീവിതത്തില്‍ അവര്‍ണ്ണനീയമായ മാറ്റമാണുണ്ടാക്കിയത്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ചുറ്റുപാടുകളില്‍ പ്രകടമായ മാറ്റമുണ്ടായി. സാക്ഷരതയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഈ പഞ്ചായത്തിന് സാദ്ധ്യമാക്കാന്‍ കഴിഞ്ഞു. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കരുമത്താഴമനയുടെ ഭൂമിക്കുവേണ്ടിയുള്ള മിച്ചഭൂമി പ്രക്ഷോഭം പല രാഷ്ട്രീയ, സാമൂഹിക, മാറ്റങ്ങള്‍ക്കും വഴി തെളിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ആറ്റുപുറംചന്ത (ഇന്ന് ഈ ചന്ത നിലവിലില്ല) ഒരുകാലത്ത് നിരവധി സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജന്മിത്തവ്യവസ്ഥിതിയെ ചോദ്യം ചെയ്തതുകാരണം അയമു എന്ന വ്യക്തിയെ പ്രമാണിമാര്‍ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് ഈ ചന്തയില്‍ വെച്ചാണ്. ദേശീയപ്രസ്ഥാനത്തിന്റേയും പുരോഗമനപ്രസ്ഥാനത്തിന്റേയും വളര്‍ച്ചയ്ക്ക് ഈ ചന്ത വലിയ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ-കാര്‍ഷികചരിത്രം

സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് എഴുത്താശാന്‍മാരുടെ കീഴില്‍ നിലത്തെഴുത്ത് അഭ്യസിക്കുകയായിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യ പടി. കുടുക്കയില്‍ പൂഴിമണല്‍നിറച്ച് പനയോലകളും കൊണ്ടാണ് അന്നത്തെ വിദ്യാര്‍ത്ഥികള്‍ എഴുത്തുപള്ളിയില്‍ പോകുക. ചൂണ്ടാണിവിരല്‍ കൊണ്ടാണ് പൂഴിയില്‍ ഹരിശ്രീ കുറിക്കുക. അക്ഷരങ്ങള്‍ ഓലയില്‍ എഴുതിക്കൊടുക്കുകയും ചെയ്യും. അതായിരുന്നു അന്നത്തെ വിദ്യാഭ്യാസസമ്പ്രദായം. സവര്‍ണ്ണകുട്ടികളെ ഒരിടത്തും അവര്‍ണ്ണരെ മറ്റൊരിടത്തും മാറ്റിനിര്‍ത്തുകയും ചെയ്യും. ദേഷ്യം വന്നാല്‍ ആശാന്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ വടികള്‍ കൊണ്ട് കയ്യില്‍ അടിക്കുകയും അവര്‍ണ്ണവിദ്യാര്‍ത്ഥികളെ അയിത്തത്തിന്റെ പേരില്‍ വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. ജാതിയുടെ പേരില്‍ സ്വന്തം ശിഷ്യന്മാരോടു പോലും ആശാന്‍മാര്‍ വിവേചനം കാട്ടിയിരുന്നു. 1892-ലാണ് പുന്നയൂര്‍ക്കുളത്ത് ആധുനികവിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചത്. സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സാമൂഹ്യ പരിഷ്കരണവും പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആറ്റുപുറം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഗ്രാമീണവായനശാലയുടെ പ്രവര്‍ത്തനം അനൌപചാരിക വിദ്യാഭ്യാസരംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കിയിരുന്നു. 1892-ല്‍ പുഴിക്കളയില്‍ ഹിന്ദു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ഇതാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഇത് പിന്നീട് എലിയങ്ങാട്ട് രാജ ഏറ്റെടുത്ത് രാമരാജ സ്കൂള്‍ എന്ന പേരുനല്‍കി. കാലക്രമേണ പഞ്ചായത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയുണ്ടായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനഫലമായി പരൂര്‍ എലിമെന്ററി സ്കൂള്‍, ചമ്മന്നൂരില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പ്രൈമറിവിദ്യാലയം, പുന്നയൂര്‍ക്കുളം ജി.എം.എല്‍.പി.എസ്, കടിക്കാട് പ്രവര്‍ത്തിച്ചിരുന്ന പ്രൈമറിവിദ്യാലയം തുടങ്ങിയവയൊക്കെ സ്വാതന്ത്ര്യസമ്പാദനത്തിനു മുമ്പുതന്നെ നിലവില്‍ വന്നിരുന്നു. 1993-ലാണ് കടിക്കാട് ഗവണ്‍മെന്റ് ഹൈസ്കൂള്‍ നിലവില്‍ വന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടുത്തെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന തീരപ്രദേശവും സമതലപ്രദേശങ്ങളുമടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം. മുഖ്യകൃഷി തെങ്ങ്, നെല്ല്, ഇടവിളകളായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറി എന്നിവയാണ്. പഴയകാലത്ത് തീരപ്രദേശങ്ങളില്‍ പ്രധാനമായും കശുമാവാണ് കൃഷി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ എതാനും ദശകങ്ങളായി രാമച്ചകൃഷി ഈ പ്രദേശത്ത് വികസിച്ചു. കശുമാവുകൃഷി നാമമാത്രമായി ചുരുങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പുതന്ന ചമ്മന്നൂര്‍ ഉപ്പുങ്ങല്‍ പ്രദേശങ്ങളില്‍ കവുങ്ങുകൃഷി നടന്നിരുന്നു. പണ്ടുകാലത്ത പ്രധാനകൃഷിയായിരുന്നു നെല്ല്. പഴയരേഖകള്‍ പ്രകാരം മൊത്തം ഭൂമിയുടെ പകുതിയിലേറെയും നെല്‍പ്പാടങ്ങളായിരുന്നു. ഇപ്പോഴും പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തി ഒഴികെ 11 വാര്‍ഡുകളിലും നെല്‍കൃഷി നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തി കോള്‍പാടശേഖരമാണ്. പരൂര്‍ കോള്‍പ്പടവ്, ഉപ്പുങ്ങല്‍ വടക്കേപ്പടവ് എന്നീ രണ്ട് പാടശേഖരങ്ങളിലായി 329.6 ഹെക്ടര്‍ കോള്‍കൃഷി നടത്തുന്നു. പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ ഇരുപ്പുനിലങ്ങളാണ്. ചില കര്‍ഷകര്‍ മൂന്നുപൂ കൃഷിയും നടത്തുന്നുണ്ട്.പാടങ്ങള്‍ നികത്തി പുരയിടങ്ങളാക്കുന്ന പ്രക്രിയ 1970-കളോടുകൂടി ആരംഭിച്ചു.ഗള്‍ഫുപണത്തിന്റെ സ്വാധീനം ഇതിനെ ത്വരിതപ്പെടുത്തി.കൃഷിഭൂമി നശിപ്പിച്ച് കോണ്‍ക്രീറ്റുമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു തരം മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് അസംസ്കൃതവസ്തുവായി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നമാണ് രാമച്ചം. ഒരു ആയുര്‍വ്വേദ ഉല്‍പന്നമായ രാമച്ചം മറ്റു സംസ്ഥാനങ്ങളിലെത്തിച്ചു സംസ്കരിച്ച് കിടക്കകളും വിശറികളും ഉണ്ടാക്കി വീണ്ടും കേരളത്തിന്റെ മാര്‍ക്കറ്റുകളില്‍ തന്നെയെത്തുന്നു.

സാംസ്കാരികചരിത്രം

ഒട്ടനവധി സാഹിത്യകാരന്മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടേയും ഈറ്റില്ലമാണ് പുന്നയൂര്‍ക്കുളം ഗ്രാമം. മലയാളസാഹിത്യത്തിന്റെ തറവാടാണ് പുന്നയൂര്‍ക്കുളത്തെ നാലാപ്പാട് എന്ന് പറയാം. പുന്നയൂര്‍ക്കുളത്തിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്ന് സാഹിത്യ-സാംസ്കാരിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ നാലപ്പാട്ട് നാരായണമേനോന്‍, ശ്രീമതി ബാലാമണിയമ്മ, ശ്രീമതി കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവര്‍ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ചവരാണ്. വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് നാലാപ്പാട്ട് നാരായണമേനോനാണ്. മലയാളത്തിന്റെ അമ്മയായ ബാലാമണിയമ്മ എന്ന കവയിത്രിയെ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മകളാകട്ടെ മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളില്‍ കഥയും കവിതകളുമെഴുതി ലോകപ്രശസ്തയായി പുന്നയൂര്‍ക്കുളത്തിന്റെയും മലയാളമണ്ണിന്റെയും ഖ്യാതി ലോകമെങ്ങുമെത്തിച്ചു. ജ്ഞാനപീഠം ലഭിച്ച എം.ടി. വാസുദേവന്‍ നായര്‍ക്ക് പുന്നയൂര്‍ക്കുളം മണ്ണുമായി അഭേദ്യമായ ബന്ധമുണ്ട്. ഒരു അനുഷ്ഠാനകലാരൂപമായ സംഘം കളിക്ക് പുന്നയൂര്‍ക്കുളത്തും ഗണനീയമായ പ്രചാരമുണ്ട്. നമ്പൂതിരിസമുദായത്തിലെ പരിവര്‍ത്തനത്തിന്റെ ഫലമായി സംഘംകളിയുടെ പ്രചാരം ക്ഷയിക്കുകയും കളിയരങ്ങുകള്‍ ഇല്ലാതാകുകയും ചെയ്തു. തെക്കെ മലബാറിലെ വളരെ പ്രശസ്തമായ കളരിത്തറവാടായിരുന്നു ചെറായി പണിക്കന്‍മാരുടേത്. 42 അടിയായിരുന്നു ചെറായി കളരിയുടേത്. നാട്ടില്‍ നിന്ന് ആയുധപഠനം കഴിഞ്ഞ് ഒതേനന്‍ ഉപരിപഠനാര്‍ഥം രണ്ടു കൊല്ലം ചെറായി കളരിയില്‍ അഭ്യാസം നടത്തിയിട്ടുണ്ട്. ചില അപൂര്‍വ്വവിദ്യകള്‍ പഠിക്കാനാണ് ഒതേനന്‍ ഇവിടെ വന്നത്. ചെറായികളരിയുടെ പ്രശസ്തി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വടക്കേമലബാറില്‍ എത്തിയിരുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാം. ഈ കളരിയുടെ ബാക്കി പാതാരം ഇന്നും ചെറായിയില്‍ സ്ഥിതിചെയ്യുന്നുണ്ട്. പുന്നയൂര്‍ക്കുളം മാവിന്‍ചുവട് പ്രദേശത്തെ പേരുകേട്ട കളരി അഭ്യാസിയായിരുന്നു മുഹമ്മദുണ്ണി ഗുരുക്കള്‍. ഇദ്ദേഹത്തിന്റെ കീഴില്‍ മാവിന്‍ചുവട് നവജീവന്‍ കളരി എന്ന പേരില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. വിദേശത്ത് നിന്നുപോലും നിരവധിയാളുകള്‍ ഇദ്ദേഹത്തില്‍നിന്ന് കളരിപ്പയറ്റ് അഭ്യസിക്കാന്‍ നവജീവന്‍ കളരിസംഘത്തില്‍ എത്താറുണ്ടായിരുന്നു. വലിയങ്ങാട്ടുകോവിലകം കലകളുടെ കേളീരംഗമായിരുന്നു. കഥകളിയും ചാക്യാര്‍കൂത്തും മറ്റും അവിടെ വളരെ പ്രൌഢിയോടുകൂടി നടത്തപ്പെട്ടിരുന്നു. ഗുരുകുഞ്ചുകുറുപ്പ്, പട്ടിക്കാംതൊടി രാമുണ്ണി മേനോന്‍ തുടങ്ങിയ മഹാരഥന്‍മാരെല്ലാം കഥകളി അവതരിപ്പിക്കാന്‍ കോവിലകത്ത് വന്നിരുന്നു. നാഗാരാധനയുമായി ബന്ധപ്പെട്ട പുള്ളുവന്‍പാട്ട് ഇന്നും ഈ നാട്ടിലെ മറ്റൊരു അനുഷ്ഠാനകലയാണ്. ഈ കല അന്യംനിന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് കേരളീയര്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന തിരുവാതിരക്കളിയുടെ തട്ടകം തന്നെയായിരുന്നു ഈ ഗ്രാമം. പുരാതന കലാരൂപമായ അറബനമുട്ട്, കോല്‍ക്കളി തുടങ്ങിയവ പഞ്ചായത്തിന്റെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.